ശ്രീ ഗണേശായ നമ: അവിഘ്നമസ്തു ശ്രീ കൃഷ്ണയ നമ:
അതിപുരാതനമാണ് മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം. പെരുമാള്‍മാരുടെ ഭരണത്തിനു മുമ്പും ക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍. ഒരുകാലത്ത് ദേശാധിപത്യം കൂടിയുണ്ടായിരുന്നു ക്ഷേത്രത്തിന്, പിന്നീട് ക്ഷേത്രം ഊരാണ്മക്കാരുടേതായി. മള്ളിയൂര്‍, ആര്യപ്പള്ളി, വടക്കേടം എന്നിവരായിരുന്നു ഊരാണ്മക്കാര്. അവരില്‍ പൗരാണിക കാലത്തെന്നോ മഹാതപസ്വിയായി ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു. ദേശാന്തര തീര്‍ത്ഥാടന വേളയില്‍ അദ്ദേഹത്തിന് ഉപാസനാമൂര്ത്തിയായി കൈവന്നത് മള്ളിയൂരിലെ ക്ഷിപ്രപ്രസാദിയായ ശ്രീമഹാഗണപതി. ബീജഗണപതി സങ്കല്പത്തിലാണ് പ്രതിഷ്ഠ. വലംപിരിയായ തുമ്പികൈയ്യില്‍ മാതള നാരങ്ങയും, കൈകളില്‍ മഴു, കയര്‍, കൊമ്പ്, ലഡ്ഡു എന്നിവയുമുണ്ട്. കാലത്തിന്റെ കുത്തിയൊഴുക്കില്‍ ശ്രേഷ്ഠാചാരങ്ങളുടെ അഭാവത്തില്‍ ക്ഷേത്രത്തിലെ അഷ്ടൈശ്വര്യങ്ങളെല്ലാം നഷ്ടമായി. ക്ഷേത്രം അനേകകാലം ജീര്ണ്ണാവസ്ഥയിലുമായി. ശ്രീകോവിലിന്റെ തുരവ് മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു കാലത്ത്. ഓലകൊണ്ട് കെട്ടിമറച്ച് ദേവന് നേദ്യം വയ്ക്കാന്‍ ശ്രീകോവിലിനു മുന്നില്‍ ഒരിടം. കുറേനാള്‍ ഇല്ലത്ത് നേദ്യം വച്ച് ദേവന് നേദിച്ചു. പിന്നീട് മാസത്തിലൊന്നായി നിവേദ്യം. ഒടുവില്‍ അതുമില്ലാതായി. ഇല്ലവും അന്യം നില്ക്കാറായപ്പോള് അന്തേവാസികള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. ഏഴുവര്‍ഷത്തോളം നിത്യശാന്തിപോലും മുടങ്ങി. പിന്നീട് മൂന്നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് ശ്രീകോവിലിനൊരു മേല്‍ക്കൂട് നിര്‍മ്മിച്ചത്. തുടര്‍ന്ന് വല്യമ്പലം, തിടപ്പള്ളി, ഇളം മതില്, മുളയറ എന്നിവയും പണിതു. അടുത്തകാലംവരെ പിന്നൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദേശത്തിനും ദേശവാസികള്‍ക്കും സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നത് അവിടത്തെ ദേശക്ഷേത്മാണ്. ദേശാധിപത്യം വഹിക്കുന്ന ക്ഷേത്രത്തിന്റെ ചൈതന്യവര്‍ദ്ധനവിന് മുഖ്യകാരണം ആചാര്യതപസ്സും. ശ്രേഷ്ഠമായ വൈദിക കര്‍മ്മങ്ങളുടെ നിഷ്ഠയോടെയുള്ള അനുഷ്ഠാനം ക്ഷേത്രത്തെ അഭൗമമായ ഈശ്വരചൈതന്യത്തിന്റെ അനന്യമായ സാങ്കേതമാക്കും.